ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ഈ പുഞ്ചവയലുകളുടെ ഗ്രാമത്തിന്റെ പിറവിയെപ്പറ്റി പറയുന്ന പുരാണങ്ങളേറെയാണ്. സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് കടല്‍ ഇറങ്ങി കരയായ പ്രദേശമാണിതെന്ന് പറയപ്പെടുന്നു. കുട്ടനാടന്‍ പ്രദേശം മുഴുവന്‍ വനമായിരുന്നുവെന്നും, തീയില്‍പ്പെട്ട് വനം നശിച്ചുവെന്നും. ചുട്ടനാട് പിന്നീട് കുട്ടനാട് എന്ന പേരിലറിയപ്പെട്ടുവെന്നും പറയപ്പെടുന്നു. ഇവിടുത്തെ കരിനിലങ്ങളില്‍ ഇപ്പോഴും വനവിഭവങ്ങളുടെ അവശിഷ്ടം കാണപ്പെടുന്നുവെന്നത് ഇതിന് ഊന്നല്‍ നല്കുന്നു. കേരളത്തിന്റെ അന്നദാതാവായി കീര്‍ത്തികേട്ട കുട്ടനാട്ടിലെ പൊന്നുവിളയുന്ന വയല്പ്പാടങ്ങളെ അധികരിച്ച് കൂട്ടനാടന്‍ പ്രദേശത്തെ 18 കരികളായി അറിയപ്പെട്ടിരുന്നു. ഈ കരികളത്രയും ചെമ്പകശ്ശേരി രാജാവിന്റെ അധീനതയിലുള്ളതായിരുന്നു. ഓരോ കരിയിലുംപെടുന്ന പാടങ്ങളിലെ കൃഷിപ്പണികള്‍ക്ക് മേല്‍നോട്ടം നല്‍കിയിരുന്ന തലപ്പുലയന്മാരുണ്ടായിരുന്നു. ഞാറ്റുവേലക്കാലത്ത് വിത്ത് വിതയ്ക്കാനും ചക്രം ചവിട്ടി വെള്ളം പറ്റിക്കാനും കളപറിക്കാനും കൊയ്യാനും മെതിക്കാനുമൊക്കെയുള്ള നിശ്ചയങ്ങളറിയിച്ചിരുന്ന ഈ തലപ്പൂലയന്മാരുടെ പേരു ചേര്‍ത്തു പിന്നീട് ഈ കരികള്‍ അറിയപ്പെട്ടു തുടങ്ങി. അങ്ങനെയറിയപ്പെട്ട ഒരു കരിയാണ് ഈ കൈനകരിയും. ഈ ദേശത്തെ വയല്പ്പണികള്ക്ക് നേതൃത്വം കൊടുത്തിരുന്നത് ‘കനകന്’ എന്ന ആള് ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ പേരുപറഞ്ഞ് ‘കനകന്റെ കരി’ എന്നുള്ളത് ലോപിച്ചാണ് ‘കൈനക്കരി’ യുണ്ടായത് എന്നും വിശ്വസിച്ചുപോരുന്നു. ഈ പഞ്ചായത്തില്‍ ഇന്നുള്ള ‘കനകാശേരി’ എന്ന പാടശേഖരം ഇതിന് ഊന്നല്‍ നല്കുന്നു. അതുപോലെ ‘ചേന്നന്റെ’ കരിയാണ് ‘ചേന്നംകരി’ എന്നറിയപ്പെടുന്നതെന്നും ചരിത്രരേഖകളില്‍ കാണുന്നു. ഈ പ്രദേശങ്ങളെല്ലാം അമ്പലപ്പുഴ കുട്ടനാട് താലൂക്കുകളില്പ്പെട്ടവയായിരുന്നു. സമുദ്ര നിരപ്പില്‍ നിന്ന് 1.5 മീറ്റര്‍ മുതല്‍ 3 മീറ്റര്‍ വരെ താഴ്ന്ന ഈ പ്രദേശങ്ങള്‍ ലോകത്തുതന്നെ അപൂര്‍വ്വമാണ്. 1895-ല്‍ ആരംഭിച്ചതാണ് പാണ്ടിപ്പള്ളി വെര്ണാക്കുലര് സ്ക്കൂള് . കൈനകരിയുടെ ആത്മീയ പിതാവ് എന്ന പേരിലറിയപ്പെടുന്ന ചാവറ കുര്യാക്കോസ് ഏലിയാസ് ഇവിടത്തുകാരനാണ്. 1984 ഏപ്രില്‍ ഏഴാം തീയതി ആ പുണ്യപുരുഷനെ ജോണ്‍ പോള്‍ 2 മാര്‍പാപ്പ ‘വാഴ്ത്തപ്പെട്ടന്‍ ‘ എന്ന പദവിയേകി ദൈവസ്പര്ശത്തിന്റെ വിശുദ്ധമായ ആള്‍ത്താരയിലേക്ക് ആനയിച്ചു. ലോകം മുഴുവന്‍ അറിയുന്ന ഒരു പുണ്യഗ്രാമമായി കൈനകരി വാഴ്ത്തപ്പെടുക തന്നെയാണ്.